ചൈനയില്‍ നടന്നുവെന്നുള്ളതായിരുന്നു 2008-ലെ ബീംജിംഗ് ഒളിമ്പിക്‌സിന്റെ രാഷ്‌്‌ട്രീയവും നയതന്ത്രവുമായ പ്രാധാന്യം. ബീജിംഗിലേയ്‌ക്ക് ഒളിമ്പിക് ടീമിനെ അയയ്‌ക്കുന്നതില്‍ അമേരിക്കയ്‌ക്കും മറ്റുമുണ്ടായിരുന്ന ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ചൈന വിജയകരമായി ഒളിമ്പിക്‌സ് പൂര്‍ത്തിയാക്കുകയും അമേരിക്കന്‍ കുത്തക തകര്‍ത്തുകൊണ്ട് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌തു. ഇതിലും വലിയ രാഷ്ട്രീയ പ്രാധാന്യത്തിലാണ് 2010-ലെ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്. കാരണം ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ദക്ഷിണാഫ്രിക്കയാണ് എന്നതുകൊണ്ടുതന്നെ. ലോകകപ്പിന്റെ സംഘാനത്തില്‍ ദക്ഷിണാഫ്രിക്കയുടെ കാര്യശേഷിയെക്കുറിച്ച് വിദേശികള്‍ക്കുള്ള പേടിയെല്ലാം അതിജീവിച്ച് മികവുറ്റരീതിയിലാണ് അവര്‍ ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ആതഥേയത്വം വഹിക്കുന്നത്. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചടത്തോളം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു എന്നതു മാത്രമല്ല ഈ ലോകകപ്പിലൂടെയുള്ള നേട്ടം. മറിച്ച് പതിറ്റാണ്ടുകള്‍ നീണ്ട വിദേശാധിപത്യത്തിന്റെയും വര്‍ണവെറിയുടെയും ഇരുണ്ടലോകത്തില്‍നിന്നും പുതിയൊരു രാഷ്ട്രീയാസ്ഥിത്വത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ആഹ്ലാദവേദികൂടിയാണ് അവര്‍ക്ക് ഈ ആതിഥേയ പദവി.
ദക്ഷിണാഫ്രിക്കയ്‌ക്കും മറ്റു ആഫ്രക്കന്‍ രാജ്യങ്ങള്‍ക്കും ഫുട്‌ബോള്‍ വെറുമൊരു കായികവിനോദം എന്നതിലപ്പറം തങ്ങളുടെ സ്വാതന്ത്ര്യബോധത്തിന്റെയും രാഷ്ട്രനിര്‍മിതിയുടെയും ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു. ദേശീയതാബോധവും ദേശനിര്‍മിതിയും രാഷ്ട്രിയ, സാംസ്‌കാരിക, ഭാഷാ തലങ്ങളില്‍ മാത്രമല്ല നടക്കുന്നതതെന്നും ഫുട്‌ബോള്‍ പോലുള്ള കായികവിനോദങ്ങളിലൂടെ ഏറ്റവും സരളമായും അതേസമയം സുദൃഢമായും രൂപപ്പെടുത്തുന്നുവെന്ന് ദക്ഷിണാഫ്രിക്ക, സാന്‍സിബാര്‍ ദ്വീപ്, ഈജിപ്‌റ്റ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കായിക(രാഷ്ട്രീയ) ചരിത്രം രേഖപ്പെടുത്തുന്നു. ഇന്ത്യക്കുപോലും ഇത്തരം ഒരു ചരിത്രം പറയാനുണ്ട് എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. ആക്രമണങ്ങളെ പ്രതിരോധിക്കുകയും പ്രതിരോധത്തെ ആക്രമിക്കുകയും ചെയ്യുകയെന്നുള്ളതാണ് ഫുട്‌ബോളിന്റെ രാഷ്ട്രീയം. ആക്രമിച്ചുകീഴ്‌പ്പെടുത്താന്‍ എത്തുന്ന ഒരു സംഘത്തെ തന്ത്രപരമായി പ്രതിരോധിച്ച് ഗോള്‍വല കാക്കുകയും അതേസമയം സംഘടിതമായി ആക്രമിച്ച് എതിര്‍ പ്രതിരോധത്തിന്റെ മുനയൊടിക്കുകയും ചെയ്യുന്ന ഓരോ ഫുട്‌ബോള്‍ മത്സരവും ഈ രാജ്യങ്ങളില്‍ രാഷ്ട്രീയാധിനിവേശത്തിന്റെയും അതിനോടുള്ള ചെറുത്തനില്‍പ്പിന്റെയും ഒരു അന്യാപദേശമാകുന്ന ചരിത്രമാണ് ഈ രാജ്യങ്ങളിലെല്ലാം ഉള്ളത്.
സാന്‍സിബാര്‍: കളിയും സ്വാതന്ത്ര്യവും
ഫുട്‌ബോള്‍ എങ്ങനെ ഒരു രാഷ്ട്രത്തെ നിര്‍മിച്ചു എന്നതാണ് ആഫ്രിക്കയിലെ സാന്‍സിബാര്‍ ദ്വീപിന്റെ രാഷ്ട്രീയ/ കായിക ചരിത്രം വെളിവാക്കുന്നത്. അച്ചടക്കത്തിന്റെയും കായികാധ്വാനത്തിന്റെയും പാഠങ്ങള്‍ ശീലിപ്പിക്കുന്നതിനുവേണ്ടിയാണ് ബ്രിട്ടീഷുകാരും മറ്റു യുറോപ്യന്‍ ശക്തികളും കോളനിരാജ്യങ്ങളില്‍ ഫുട്‌ബോള്‍ പ്രചരിപ്പിച്ചത്. അതുവഴി കോളനിജനതയില്‍ ഒരു രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരികയെന്നതും അവരുടെ ലക്ഷ്യമായിരുന്നു. പ്രാരംഭഘട്ടത്തില്‍ ഭരണകൂടം ഇതില്‍ വിജയം കണ്ടെങ്കിലും കാലക്രമേണ ഈ നിയന്ത്രണം അവരില്‍ നിന്നും കൈവിട്ടുപോയി. വിവിധകാരണങ്ങളാല്‍ ഭിന്നിച്ചുനിന്ന ജനതയെ ഒരുമിപ്പിക്കുന്നതിനും ദേശീയത എന്ന വികാരം വളര്‍ത്തുന്നതിനും രാഷ്ട്രിയ പ്രക്ഷോഭങ്ങള്‍ക്കു തുടക്കമിടുന്നതിനും ഫുട്‌ബോള്‍ പ്രേരണയായി. വംശീയമായും ഗോത്രപരമായും ശിഥിലമായ ഒരു ജനസമൂഹം വെള്ളക്കാരനെതിരേ സംഘടിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞത് കളിക്കളത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി വിപുലീകരിക്കപ്പെട്ട യുറോപ്യന്‍ സാമ്രാജ്യത്തില്‍ ഫുട്‌ബോളായിരുന്നു തദേശിയര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യവും ജനപ്രിയവുമായ കായിക വിനോദം. കാരണം ഫുട്‌ബോളിന്റെ കേളീ ശൈലി അധികാരത്താലും ആക്രമണത്താലും അടിച്ചമര്‍ത്തപ്പെട്ട കോളനി ജനതയുടെ സ്വാതന്ത്ര്യ മോഹത്തിന്റെയും തിരിച്ചടിക്കാനും പ്രതിരോധിക്കാനുമുള്ള ത്വരയുടെയും പ്രകടിതരൂപമായിരുന്നു. അതുകൊണ്ടുതന്നെ സാന്‍സിബാറില്‍ ഫുട്‌ബോള്‍ തദേശിയമായി സംഘടി്‌ക്കപ്പെട്ടു. പ്രാദേശിക മത്സരങ്ങളും ടൂര്‍ണമെന്റുകളും ക്ലബുകളും രൂപം കൊണ്ടു. ബ്രിട്ടീഷ്‌കാര്‍ പ്രചരിപ്പിച്ച കേളീശൈലിയും കളിഭരണവും അപ്രസക്തമായി. ഫുട്‌ബോളിന് തനതായ ഒരു ശൈലിയും ചാരുതയും അവര്‍ രൂപപ്പെടുത്തിയെടുത്തു. ഫുട്‌ബോളിലൂടെ ജനകീയ കൂട്ടായ്‌മകള്‍ ഉണ്ടായി. തദ്ദേശിയര്‍ക്കിടയില്‍ ന്‌ിലനിന്നിരുന്ന വംശീയമായ സംഘര്‍ഷങ്ങള്‍ അപ്രത്യക്ഷമായി. കളിക്കളത്തിലും കാണികള്‍ക്കിടയിലും കറുത്തവന്‍/ വെളുത്തവന്‍, വിദേശി/ സ്വദേശി എന്ന വേര്‍തിരിവ് പ്രകടമായി. തൊലികറുത്തതിന്റെ പേരിലുള്ള ആക്ഷേപങ്ങള്‍ക്ക് അവര്‍ കളിക്കളത്തില്‍ ചുട്ട മറുപടി നല്‍കി. ചിട്ടയാര്‍ന്ന പരിശീലനത്തിനിന്റെ മേല്‍ക്കേയ്‌മയില്‍ മൈതാനത്തിറങ്ങുന്ന വിദേശ ടീമിനെ സ്വന്തമായി രൂപപ്പെടുത്തിയ കേളി ശൈലിയിലൂടെയും കായികമായ കരുത്തിലൂടെയും തദേശ ടീം മറികടന്നു. വെള്ളക്കാരന്റെ കരുത്തുറ്റ പ്രതിരോധത്തെ മറികടന്നു ഗോള്‍വല കുലുക്കുമ്പോള്‍ ദ്വീപുനിവസികള്‍ ഒരൊറ്റ ജനതയായി ആര്‍പ്പുവിളിച്ചു. എതിര്‍ ആക്രമണങ്ങളെ തങ്ങളുടെ ടീം തന്ത്രപരമായി പ്രതിരോധിക്കുമ്പോള്‍ വൈദേശികാക്രമണത്തെ തടയുന്ന ഒരു രാജ്യത്തിന്റെ കൂട്ടായ ശ്രമം പോലെ അവര്‍ ഏറ്റെടുത്തു. പന്തുമായുള്ള ഓരോ കുതിപ്പിലും വിലക്കപ്പെട്ട സ്വാതന്ത്ര്യം അണപൊട്ടിയൊഴുകി. കളിക്കളത്തില്‍ വെള്ളക്കാര്‍ ചൊരിയുന്ന വംശീയാ അധിക്ഷേപങ്ങള്‍ക്കും ശാരീരികാക്രമണങ്ങളും കണ്ടില്ലെന്നു നടിച്ച റെഫറിമാരെ അവര്‍ ചോദ്യം ചെയ്‌തു. പക്ഷപാതികളായ റെഫറിമാരെ അവര്‍ ബഹിഷ്‌കരിച്ചു. അനീതി ചോദ്യം ചെയ്യാനും അക്രമണങ്ങളെ ചെറുക്കാനുമുള്ള പാഠങ്ങള്‍ അവര്‍ കളിക്കളത്തില്‍ നിന്നും ശീലിച്ചു. കാണികള്‍ കൂടി ഇത് ഏറ്റെടുത്തതോടെ നീതിരഹിതമായ രാഷ്ട്രീയ അധിനിവേശത്തെയും വംശീയ അധീശത്വത്തെയും എതിര്‍ക്കാനും സ്വാതന്ത്ര്യമെന്ന പരമമമായ ലക്ഷ്യെത്തിലേക്കെത്തിച്ചേരാനുമുള്ള ബോധം ഓരോ ദ്വീപ് നിവാസിയുടെയും മനസില്‍ നിറഞ്ഞു. ഓരോ ഫുടബോള്‍ മത്സരവും ചെറുയുദ്ധങ്ങളായി അവര്‍ക്കനുഭവപ്പെട്ടു. ഓരോ കളിയും സ്വാതന്ത്ര്യ പോരാട്ടങ്ങളായി മാറി.
ലോറാ ഫെയര്‍ തന്റെ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
"The matches which were fought between key contenders for political power seemed to provide temporary relief from growing ethnic tensions and a more immediate resolution of the long-term struggle for national independenc-e."1
വിഘടിച്ചു നിന്ന ഒരു ജനത ഒരു ശരീരവും മനസുമായി ഫുട്‌ബോളിനോട് താദാത്മ്യം പ്രാപിച്ചു. ലക്ഷ്യബോധത്തോടെയും ഏകാഗ്രതയോടെയും അവര്‍ കളിക്കുകയും കളികാണുകയും ചെയ്‌തു. വിഭജിച്ചു ഭരിക്കുക എന്ന അധിനിവേശ തന്ത്രത്തെ അവര്‍ കളിക്കളത്തിലെ കൂട്ടായ്‌മകളിലൂടെ അതിജീവിച്ചു. ഗോള്‍ നേടുമ്പോഴും എതിരാളികളുടെ ഗോളുകള്‍ തടയുമ്പോഴും ഉയരുന്ന ഹര്‍ഷാരവവും ആഹ്ലാദ തിമിര്‍പ്പും ഒരു ജനത എന്ന നിലയില്‍, ഒരു രാഷിട്രം എന്ന നിലയില്‍ അവര്‍ ഉയിരെടുക്കുന്നതിന്റെ കാഹളമായിരുന്നു.
പ്രാദേശീകമായ കലാരൂപങ്ങള്‍ നിരവധിയുണ്ടായിരുന്ന സാന്‍സിബാറില്‍ വംശീയ ചേരിതിരിവിനാല്‍ പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു പൊതുവേദി അസാധ്യമായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിരന്തരവും സജീവുമായതോടെ പാട്ടിനും ഡാന്‍സിനും ഫുട്‌ബോള്‍ ഗാലറികള്‍ അവതരണവേദിയായി. വിവിധഗോത്രങ്ങള്‍ തങ്ങള്‍ക്ക് അസ്‌പൃശ്യരായിരുന്ന ആളുകളുടെ കലാമികവുകള്‍ പരസ്‌പരം അംഗീകരിച്ചു തുടങ്ങി. ഗാലറികളില്‍ ഈ കലാകാരന്മാര്‍ ഉയര്‍ത്തുന്ന തുടിപ്പുകവിള്‍ കളിക്കാര്‍ക്ക് ആവേശമായി. പാട്ടിലും ഡാന്‍സിലും ദേശസ്‌നേഹവും ദേശീയ വികാരവും ജ്വലിച്ചു നിന്നു. ഫുട്‌ബോള്‍ എന്ന കളി ഉണര്‍ത്തുന്ന ആവേശത്തില്‍ ഒരു ദേശം എങ്ങനെ രൂപപ്പെടുന്നുവെന്നും ആ ദേശത്തിലെ സാമൂഹിക ഘടനയില്‍ നിനലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ എങ്ങനെ ഇല്ലാതാകുന്നുവെന്നും അധീശ്വത്വത്തിനെതിരായ പോരാട്ടത്തില്‍ ദേശീയ ഐക്യം എത്ര അവശ്യമാണെന്നും സാന്‍സിബാര്‍ ദ്വീപിന്റെ കായിക/ രാഷ്ട്രീയ ചരിത്രം സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ ദേശീയതയും ഫുട്‌ബോളും
ഇന്ത്യന്‍ ദേശീയ ബോധത്തിലും വ്യവഹാരങ്ങളിലും ആരംഭഘട്ടത്തില്‍ ഫുട്‌ബോള്‍ ഒരു നിറഞ്ഞ സാനിധ്യമായിരുന്നു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമെന്ന പോലെ ദേശീയത നിര്‍മിതിയില്‍ ഫുടബോള്‍ ഇന്ത്യയിലും ഒരു പ്രധാന ആയുധമായിരുന്നു. ജാതിവ്യവസ്ഥയും ചാതുര്‍വര്‍ണ്യവും നിലനിന്നിരുന്ന ഇന്ത്യയില്‍ അധിനിവേശവിരുദ്ധ പോരാട്ടങ്ങളില്‍ ഫുടബോള്‍ സാമൂഹിക ഉച്ഛനീചത്വങ്ങള്‍ മറകടന്നു ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്നതിന് കാരണമായി. ദേശീയ പ്രസ്ഥാനങ്ങള്‍, നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കുനേരെ പുറം തിരിഞ്ഞു നിന്നപ്പോള്‍ ജനതയെ ദേശബോധത്തിലേക്കു ഉയര്‍ത്തുക എന്ന പ്രക്രിയ ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളിലൂടെയാണ് മുന്നോട്ട് പോയത്. ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ ഇല്ലാതെ സംഘടിപ്പിക്കപ്പെട്ട ഫുട്‌ബോള്‍ മത്സരങ്ങളും ക്ലബുകളും ജനങ്ങളില്‍ ഐക്യ ബോധം രൂപപ്പെടുത്തി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പിതാവ് എന്നറിയപ്പെടുന്ന നാഗേന്ദ്ര പ്രസാദ് സര്‍ബാധികാരിയെ പോലുള്ളവര്‍ രാജ്യം മുഴുവന്‍ നെഞ്ചിലേറ്റിയ ഒരു കായിക വിഗ്രഹമായിമാറിയതും ഫുട്‌ബോളിന്റെ ജനകീയ സ്വഭാവം ഒന്നു കൊണ്ടുമാത്രമാണ്. 1911-ല്‍ നടന്ന IFA ഷീല്‍ഡ് മത്സരത്തിനായുള്ള പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ യുറോപ്യന്‍ ടീമിനെ മറികടന്ന് വിജയിച്ചപ്പോള്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഫുട്‌ബോള്‍ ഒരു പ്രതിരോധ രൂപവും മാര്‍ഗവുമായി മാറുകയായിരുന്നു. കളിക്കളത്തില്‍ പോലും അധിനിവേശശക്തികളെ പ്രതീകാത്മകമായി ചെറുക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ ശ്രമിച്ചു. കൊളോണിയല്‍ ഭരണകൂടവുമായി നിസഹകരിക്കുന്നതിന്റെ ജനകീയവും തദേശീയവുമായ മാര്‍ഗങ്ങളായിരുന്നു മൈതാനത്ത് ഇന്ത്യക്കാര്‍ പരീക്ഷിച്ചത്. ബ്രിട്ടീഷ്/ യുറോപ്യന്‍ ടീമുകള്‍ക്കെതിരേ ബൂട്ടണിയാതെ നഗ്നപാദരായി കളിച്ചതും ഇത്തരത്തിലുള്ള നിസസഹകകരണ രീതിയായിരുന്നു. ബോറിയ മംജുദാര്‍ തന്റെ പുസ്‌തകത്തില്‍ ഈ മാര്‍ഗത്തെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. "The virtual universality of masculine sport in colonial India went hand in hand with its cultural indigenization. Playing barefoot was not only a way to make football distinctly Indian, but it helped unite those who played."2. കളിക്കളത്തില്‍ പ്രയോഗിക്കപ്പെട്ട ഇത്തരം ചെറുത്തുനില്‍പ്പും പ്രതിരോധമാര്‍ഗങ്ങളും പാശ്ചാത്യവത്‌കരണത്തിനെതിരേയും അധീശവ്യവഹാരങ്ങള്‍ക്കെതിരേയും ദേശീയ തലത്തില്‍ തന്നെ ജനകീയ കൂട്ടായ്‌മകള്‍ രൂപീകരിക്കുന്നതിനും അവരില്‍ ദേശീയ, സ്വാതന്ത്ര്യബോധം വളര്‍ത്തുന്നതിനും കാരണമായി. രാഷ്ട്രീയ സ്വാതന്ത്ര്യമെന്ന അന്തിമമായ ലക്ഷ്യം സംഘടിതമായ ശ്രമത്തിലൂടെയേ സാധ്യമാകൂ എന്ന ചിന്ത സാധാരണക്കാര്‍ക്കിടയില്‍ വേരുറയ്‌ക്കുന്നതിനും ഫുട്‌ബോള്‍ മൈതാനത്തെ ഇത്തരം പ്രതിഷേധപ്രകടനങ്ങളിലൂടെ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ദേശീയ മുഖ്യധാരയിലേയ്‌ക്ക് സാധാരണ ജനങ്ങളുടെ ഇത്തരം കൂട്ടായ്‌മകള്‍ വളര്‍ന്നില്ല. ബ്രിട്ടീഷ്‌കാരുടെ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തെ മറികടക്കുന്നതിനു പകരം അതിനു വളംവെച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് നേതക്കന്മാര്‍ക്കിടയില്‍ നടന്നത്. തത്‌ഫലമായി ജാതീയവും മതപരവുമായ ചേരിതിരിവുകള്‍ വളരെ ശക്തമായി. അതിനെ അതിജീവിക്കാന്‍ ദേശീയ പ്രസ്ഥാനത്തിനും നേതാക്കന്മാര്‍ക്കും കഴിഞ്ഞില്ല. അതിന്റെ തിക്തഫലങ്ങള്‍ ഇന്ത്യ ഇന്നും അനുഭവിക്കുകയാണ്.
കേരളത്തിലും ഫുട്‌ബോള്‍ ഒരു ജനകീയ ഗയിമായി വളര്‍ന്നത് അധിനിവേശവിരുദ്ധ പോരാട്ടത്തന്റെ ഭാഗമായിട്ടായിരുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ ആസ്ഥാമായ മലപ്പുറത്താണ് ഇതിന് തുടക്കമിട്ടത് മലപ്പുറത്തെ ഫുട്‌ബോള്‍ ചരിത്രത്തെക്കുറിച്ചു ഡോക്യുമെന്ററി ചെയ്‌ത മധു ജനാര്‍ദന്‍ തന്റെ അനുഭവങ്ങളില്‍ ഇക്കാര്യം വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്.
"ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ 1825-ല്‍ മലപ്പുറം ആസ്ഥാനമായി രൂപവത്‌കരിച്ച മലപ്പുറം സ്‌പെഷല്‍ പോലീസാണ് ആദ്യമായി ഫുട്‌ബോള്‍ പ്രചരിപ്പിച്ചത്. 1921-ലെ കലാപത്തെ തുടര്‍ന്ന് നാട്ടുകാര്‍ വെള്ളക്കാരില്‍ നിന്നകന്നിരുന്നു. അവരെ ഭയപ്പാടോടുകൂടി കണ്ടിരുന്ന ജനതയെ തങ്ങളുമായി അടുപ്പിക്കുന്നതിന് ഇത് ഉപകരിക്കും എന്ന തന്ത്രമാണ് ഈ ' കളി' കള്‍ക്കു പിന്നിലുണ്ടായിരുന്ന യുക്തി. ആദ്യ നാളുകളില്‍ ഗ്രൗണ്ടിനു പുറത്തുനിന്നു കളി കാണുകയും പിന്നീട് കളി പഠിക്കുകയും പിന്നീട് വെള്ളക്കാരുമായി മത്സരത്തിനൊരുങ്ങുകയുമായിരുന്നു മലപ്പുറംകാര്‍. ബൂട്ടിട്ട ബ്രിട്ടീഷ് കാരോട് നഗ്നപാദരായി കളിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി ഇന്നും സെവന്‍സ് നഗ്നപാദമത്സരങ്ങള്‍ മലപ്പുറത്ത് സംഘടിപ്പിക്കാറുണ്ട്."3 ഇതു തന്നെ കേരളത്തിലും ഫുട്‌ബോള്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരേയുള്ള ജനകീയ പ്രതിരോധ മാര്‍ഗമായി മാറിയിരുന്നു എന്നതിന്റെ തെളിവാണ്.
പില്‍ക്കാലത്ത് ക്രിക്കറ്റ് ഫുട്‌ബോളിന്റെ സ്ഥാനം കയ്യടുക്കുകയായിരുന്നു. ക്രിക്കറ്റിനും ഇത്തരത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെങ്കിലും ഇന്ത്യയില്‍ വിരുദ്ധമായ ഒരു അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. അധിനിവേശ വിരുദ്ധ ദേശീയതയല്ല ക്രിക്കറ്റിലൂടെ ഇന്ത്യയില്‍ പരിപോഷിക്കപ്പെട്ടത്. മറിച്ച് ഇന്ത്യന്‍ ബഹുസ്വരതയെ നിരാകരിക്കുന്ന സങ്കുചിതമായ ഒരു ദേശീയബോധത്തെയാണ് അത് ഏറ്റെടുത്തത്. സംഘ്‌പരിവാറും മുഖ്യധാരാ മാധ്യമങ്ങളും തങ്ങളുടെ സങ്കുചിതമായ ദേശിയതയെ ഒരു വികാരമായി ആളിക്കത്തിക്കാന്‍ ക്രിക്കറ്റിനെ ഉപയോഗിക്കുകയും ചെയ്‌തു. അതിന്റെ ഫലമായി ഓരോ ഇന്ത്യ- പാക്കിസ്ഥാാന്‍ ക്രിക്കറ്റ് മത്സരങ്ങളും ഇവിടെ യുദ്ധങ്ങളായി ആഘോഷിക്കപ്പെട്ടു. കര്‍സേവകരും, ശിവസൈനികരും മാടുകളെപ്പോലെ ക്രിക്കറ്റ് പിച്ചുകള്‍ കയ്യേറി. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കളിപോലും ഇല്ലാതായി. ക്രിക്കറ്റ് മതവും കളിക്കാര്‍ ദൈവങ്ങളുമാകുന്ന ഇന്ത്യയില്‍ അത് ദേശീയതയുടെയോ ജനകീയകൂട്ടായ്‌മയുടെയോ ഭാഗമായി മാറിയില്ല. പകരം രാഷ്ട്രീയക്കാരും ദല്ലാളന്മാരും ചേര്‍ന്ന് കമ്പോളത്തിന്റെ താത്‌പര്യമനുസരിച്ച് അതിന്റെ രൂപവും ഭാവവും മാറ്റിക്കൊണ്ടിരിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചത്
വംശീയ മേല്‍ക്കോയ്‌മയും വര്‍ണവെറിയും ശകതമായിരന്ന ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമായിരുന്നു. വെള്ളക്കാര്‍ നിറത്തിന്റെ പേരില്‍ രൂപപ്പെടുത്തിയ അപാര്‍ത്തീഡ് നീയമത്തിന്റെ ക്രൂര സംഹിതകളെ മറികടന്നും ഫുട്‌ബോള്‍ ഒരു ദേശീയ വികാരത്തെ ജ്വലിപ്പിച്ചുയര്‍ത്താന്‍ സഹായിച്ചു. എന്നാല്‍ സമയം വളരെയേറെ യെടത്താണ് ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ദേശീയത രൂപപ്പെട്ടത്. ദേശത്തെ കണ്ടെടുക്കുക എന്ന പ്രക്രീയ അവിടെ ദുര്‍ഘടമായ ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ക്രിക്കറ്റിലും ഫുട്‌ബോളിലും അന്തര്‍ദേശീയ തലത്തിലേയ്‌ക്ക് ദക്ഷിണാഫ്രിക്കയുടെ കടന്നുവരവ് വളരെ പതുക്കെയായത്. രാഷ്ട്രീയ സ്വാതന്ത്ര്യം ഏറെ വൈകിയതും തദേശിയമായി നിലനിന്നിരുന്ന ചേരിതിരിവുകള്‍ ശക്തമായിരുന്നതിലാണ്. പീറ്റര്‍ അലെഗി തന്റെ തന്റെ പഠനത്തില്‍ ഫുട്‌ബോള്‍ ഈ പ്രക്രിയയില്‍ ഗഹനമായി ഇടപെട്ടുവെന്ന് നിരീക്ഷിക്കുന്നുണ്ട്. football united those Africans that were targeted by discriminatory laws and allowed them vehicles to defy not only elite ruling class Africans but their white colonizers illustrating the game's powerful ability to shape common social bonds in a society deeply divided along racial, class, linguistic, gender, and regional lines."4
ദക്ഷിണാഫ്രിക്കയില്‍ ഫുട്‌ബോള്‍ എല്ലാക്കാലത്തും അവിടുത്തെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളുമായി ബന്ധപ്പെട്ടിരുന്നു.കളിയും കളിഭരണവും വംശീയ ചേരിതിരിവുകള്‍ മൂലം പ്രശ്‌നസംങ്കീര്‍ണമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് സൗത്ത് ആഫ്രിക്ക(FSA) രൂപീകരിച്ചത് 1892ലാണ്. ഇതേത്തുടര്‍ന്ന് പല ഫുട്‌ബോള്‍ സംഘടനകളുടേയും രൂപീകരിക്കപ്പെട്ടു. സൗത്ത് ആഫ്രിക്കന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(1903), സൗത്ത് ആഫ്രിക്കന്‍ ബന്‍ഡു ഫുട്‌ബോള്‍ അസോസിയേഷന്‍(1933), സൗത്ത് ആഫ്രിക്കന്‍ കളേര്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍(1936) എന്നിവ രൂപീകൃതമായി. 1930 മുതല്‍ 1962 വരെ ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പങ്കെടുത്തിരുന്നില്ല. 1966 മുതല്‍ 1992 വരെ ഫിഫ ദക്ഷിണാഫ്രിക്കയെ നിരോധിച്ചിരുന്നു.
അപ്പാര്‍ത്തീഡ് നിയമമാക്കുന്ന 1948നു മുമ്പുതന്നെ ദക്ഷിണാഫ്രിക്കയിലെ കായികമേഖലകളില്‍ വംശീയമായ വേര്‍തിരിവും ഒറ്റപ്പെടുത്തലുകളുമു ായിരുന്നു. പിന്നീട് ഇത് നിയമപരമായെന്നു മാത്രം. വെള്ളുത്തവര്‍ഗക്കാരും കറുത്ത വര്‍ഗക്കാരും ഒരുമിച്ച് ഫുട്‌ബോള്‍ എന്നല്ല ഒരു കായിക ഇനത്തിലും മത്സരിച്ചിരുന്നില്ല. ഇതുപോലെത്തന്നെ അവര്‍ പരസ്‌പരവും ഏറ്റുമുട്ടിയിരുന്നുമില്ല. കറുത്തവര്‍ഗക്കാര്‍ വെളുത്തവര്‍ഗക്കാരുടെ ടീമുകളുമായി ഏറ്റുമുട്ടുന്നത് നിരോധിച്ചിരുന്നു. മറ്റുരാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശക ടീമുകള്‍ക്കും ഈ നിയമം ബാധമായിരുന്നു.കോളനിഭരണത്തില്‍നിന്ന് മോചിതരായ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയിലേക്ക് വന്നിരുന്ന 1950കളില്‍ ദക്ഷിണാഫ്രിക്ക ഒറ്റപ്പെട്ടുനിന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് അംഗത്വം ലഭിച്ചിരുന്നില്ല. അപ്പാര്‍ത്തീട് അതിന്റെ ഏറ്റവും വിഷലിപ്‌തമായ മുഖം പ്രദര്‍ശിപ്പിച്ചിരുന്ന അമ്പതുകളുടെ അവസാനത്തിലും അറുപതുകളുടെ തുടക്കത്തിലും ദക്ഷിണാഫ്രിക്കയിലെ വെളളക്കാരുടെ ഫുട്‌ബോള്‍ സംഘടനയ്‌ക്കോ വംശീയതയ്‌ക്കെതിരേയുള്ളവരുടെ സംഘടനയക്കോ അംഗീകാരം നല്‍കേണ്ടത് എന്നതിനെക്കുറിച്ച് ഫിഫയ്‌ക്കുള്ളില്‍ത്തന്നെ ചേരിതിരിവു ണ്ടായിരുന്നു. വെള്ളക്കാരുടെ നിയന്ത്രണത്തിലുള്ള ഫുഡ്‌ബോള്‍ അസോസിയേഷന്‍ ഓഫ് സൗത്ത് ആഫ്രിക്ക(FASA)യും വംശീയതയ്‌ക്കെതിരേയുള്ളവരുടെ നേതൃത്വത്തിലുള്ള സൗത്ത് ആഫ്രിക്കന്‍ സോക്കര്‍ ഫെഡറേഷന്‍(SASF) എന്നീ ര ണ്ടു സംഘടനകളാണ് ഫിഫയുടെ അംഗീകാരത്തിനായി മത്സരിച്ചിരുന്നത്. 1957ലെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കറുത്തവര്‍ഗക്കാരടങ്ങിയ ടീമിനെ അയയ്‌ക്കാത്തതിനെത്തുടര്‍ന്ന് എഫ്‌എഎസ്‌എയെ സിഎഎഫില്‍ ഉള്‍പ്പെടുത്തിയില്ല.
ദക്ഷിണാഫ്രിക്കയുടെ പ്രതിനിധിയായി എഫ്‌എഎസ്‌എയ്‌ക്കു പകരും ഫിഫയില്‍ സ്ഥാനം നേടാന്‍ എസ്‌എഎസ്‌എഫ് അമ്പതുകളുടെ അവസാനത്തോടെ ശ്രമിമാരംഭിച്ചു. 1961ല്‍ എഫ്‌എഎസ്‌എയെ ഫിഫ സസ്‌പെന്‍ഡ് ചെയ്‌തു. പക്ഷേ, വംശീജയവിവേജനം കാണിക്കുന്നില്ലെന്ന് തെളിയിക്കാന്‍ ഒരുവര്‍ഷത്തെ സമയം ഫിഫ അവര്‍ക്ക് അനുവദിച്ചിരുന്നു. അതോടൊപ്പംതന്നെ എഫ്‌എഎസ്‌എയ്‌ക്കു വീണ്ടും അംഗത്വം നല്‍കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനേയും ഫിഫ നിയമിച്ചു. പിന്നീട് ഫിഫയുടെ പ്രസിഡന്റായ സ്റ്റാന്‍ലി റൗസിന്റെ അധ്യക്ഷതയിലുള്ള അന്വേഷണ കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് എഫ്‌എഎസ്‌എ വീണ്ടും ഫിഫയില്‍ സ്ഥാനം കണ്ടെത്തി. എന്നാല്‍, വംശീയവിവേചനത്തെ പ്രോത്സാഹിക്കുന്നതാണ് ഫിഫയുടെ ഈ നടപടിയെന്നതായിരുന്നു ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലപാട്. ഇതേത്തുടര്‍ന്ന് 1964ല്‍ ഫിഫിയില്‍നിന്ന് എഫ്‌എഎസ്‌എയെ സസ്‌പെന്‍ഡ് ചെയ്‌തു.
1970കളായപ്പോഴേക്കും ദക്ഷിണാഫ്രിക്കയുടെ വംശീയവിവേചന നിലപാടുകളാല്‍ കായികലോകത്തുനിന്ന് അവര്‍ ഒറ്റപ്പെട്ടു.
ഇക്കാലത്ത് കറുത്തവര്‍ഗക്കാര്‍ക്കായുള്ള പ്രഫഷണല്‍ സോക്കര്‍ ലീഗ് സര്‍ക്കാരിന്റെ പിന്തുണയോടെയും സൗത്താഫ്രിക്കന്‍ ബ്രിവറീസിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെയും ഉര്‍ന്നുവന്നു. കറുത്തവര്‍ഗക്കാരുടെ ഫുട്‌ബോള്‍ ലീഗ് 1976ല്‍ ടെലിവിഷനിലൂടെ സംപ്രേഷണം ആരംഭിച്ചപ്പോള്‍ കോര്‍പറേറ്റ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും വര്‍ധിച്ചു. കറുത്തവര്‍ഗക്കാരായ ഉപഭോക്താക്കളെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ കമ്പനികളെ ഈ ഫുട്‌ബോള്‍ ലീഗ് സഹായിച്ചു. എന്നാല്‍, ഈ ലീഗ് രാജ്യത്തെ പ്രഫഷണല്‍ ഫുട്‌ബോള്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തി.
1980കളില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റു ദേശീയ പാര്‍ട്ടികളും ഒരു ഫുട്‌ബോള്‍ സംഘടനയ്‌ക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1990-ല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ രംഗത്തേക്കുള്ള രാജ്യത്തിന്റെ തിരിച്ചുവരവായിരുന്നു. ഏകീകൃതമായ ഒരു ഫുട്‌ബോള്‍ അസോസിയേഷനും രാജ്യത്ത് രൂപീകൃതമായി. കറുത്തവര്‍, വെളുത്തവര്‍, ഇന്ത്യക്കാര്‍ എന്നിങ്ങനെയുള്ള വ്യത്യസ്‌ത സമൂഹങ്ങളെ പ്രതിനിധീകരിച്ചിരുന്ന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഒടുവില്‍ സൗത്ത് ആഫ്രിക്കന്‍ ഫുട്‌ബോള്‍ അസേസിയേഷന്‍(എസ്‌എഎഫ്‌എ) എന്ന സംഘടനയുടെ കുടക്കീഴയിലായി. അങ്ങനെ രാജ്യത്ത് ഫുട്‌ബോള്‍ ജനങ്ങളുടെ യോജിപ്പിന് കാരണമാകുകയായിരുന്നു.
1992ല്‍ സൂറിച്ചില്‍നടന്ന സമ്മേളനത്തില്‍ ഫിഫ ദക്ഷിണാഫ്രിക്കയ്‌ക്ക് അംഗത്വപദവി നല്‍കി. അന്താരാഷ്ട്ര കായികരംഗത്തേക്കുള്ള തിരിച്ചുവരവിനും രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും ഇത് സഹായിച്ചു. രാജ്യന്തര ഫുട്‌ബോളിലേക്കുള്ള ആദ്യ മത്സരത്തില്‍ത്തന്നെ കാമറൂണിനെ 1-0 ത്തിന് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ച് ബഫാനകള്‍ അന്താരാഷ്ട്ര ഫുട്‌ബോളിലേയ്‌ക്കുള്ള തങ്ങളുടെ തിരിച്ചുവരവ് ഒരു ആഘോഷമാക്കിമാറ്റി.. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച 1990കളുടെ ആരംഭമുതല്‍ പകുതിവരെ രാജ്യത്തെ കായികരംഗത്തെ സുവര്‍ണകാലഘട്ടമായിരുന്നു. മണ്ടേലാമാനിയുടെ പ്രതിഫലനമായിട്ടാണ് ഇത് വിവക്ഷിച്ചത്. ഇക്കാലത്തുതന്നെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടാനും ഫിഫയുടെ റാങ്കിംഗില്‍ 16-ാം സ്ഥാനത്തെത്താനും ദക്ഷിണാഫ്രിക്കയ്‌ക്കു സാധിച്ചു. സാമൂഹികമാറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ ഫുട്‌ബോള്‍രംഗവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊ ിരുന്നു. രാജ്യത്തെ കായിക മന്ത്രാലയവും എസ്‌എഎഫ്‌എയും സൗത്ത് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് കമ്മീഷനുമായിരുന്നു ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍പിടിച്ചത്. വംശീയതയും വര്‍ണവെറിയും തത്വത്തിലെങ്കിലും ഇല്ലാതായതോടെ ഒരു സ്വതന്ത്ര റിപ്പബ്ലിക് എന്ന നി്‌ലയില്‍ വീണ്ടും കായിക ലോകത്ത് വളര്‍ന്നു തുടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പ് വേദിയാകാനുള്ള ആശയവും ആഗ്രഹവും അന്നു മുതലേ ഉയര്‍ന്നു തുടങ്ങി. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണ് നേടുകയായിരുന്നു ആദ്യ പടി. മണ്ടേലയുടെ മഴവില്ലുരാജ്യം മെന്ന സങ്കല്‍പം ഇതിനെ ഏറെക്കുറെ സഹായിച്ചു. എങ്കിലും ഒരു ലോകോത്തര കായിക വേദിയാകാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കഴിയില്ലായെന്ന 'ഓറിയന്റലിസ്‌റ്റ് മിത്ത്‌്' അപ്പോഴും പ്രചാരത്തിലായിരുന്നു. ഫുട്‌ബോള്‍ മേലാളന്മാരുടെ ആഫ്രിക്കന്‍ വിരുദ്ധ നയമായിരുന്നു ഇതിനു പിന്നില്‍. അതു കൊണ്ടു തന്നെ 2004-ലെ ഒളിമ്പിക്‌സും 2006-ലെ ലോകകപ്പ് ഫുട്‌ബോളും അവര്‍ക്ക് നഷ്ടപ്പെട്ടു.
കറുത്തവര്‍ഗക്കാര്‍ അക്രമണകാരികളാണെന്ന വെള്ളക്കാരന്റെ പേടിയും പ്രചാരണവും അതിജീവിച്ചുകൊണ്ട് 19995-ലെ റഗ്‌ബി ലോകകപ്പും 96-ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പും സിംബ്‌ബാവേ, കെനിയ എന്നീ രാജ്യങ്ങളുംമായി ചേര്‍ന്ന് 2003-ല്‍ ക്രിക്കറ്റ് ലോകകപ്പും ദക്ഷിണാഫ്രിക്ക വിജയകരമായി സംഘടിപ്പിച്ചു. "അന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സിംബാവേയില്‍ കളിക്കാന്‍ വിസമ്മതിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലനിന്നിരുന്ന വെള്ളക്കാരന്റെ മുന്‍ വിധകളും അധീശത്വവും ഇല്ലാതാക്കാനും ഒരു ആഫ്രിക്കന്‍ കൂട്ടായ്‌മ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഈ സംയുക്ത സംഘാടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്ക് സാധിച്ചു. ഒപ്പം സംഘാടനത്തിലും ആതിഥ്യ മര്യാദയിലും തനിമ നിലനിര്‍ത്തുവാനും. തികച്ചു ആഫ്രിക്കനൈസ്‌ഡ് ലോകകപ്പായിരുന്നു അതെന്ന് " ജസ്റ്റിന്‍ വാന്‍ഡര്‍ മര്‍വ് നിരീക്ഷിക്കുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ്. ആഫ്രിക്കന്‍ ജനതയെ ഒന്നടങ്കം ആവേശചിത്തരാക്കുന്ന അത്ഭുത പ്രവര്‍ത്തനമാണ് ഈ ലോകപ്പ്. വര്‍ണവെറിയുടെ വിഷം വമിക്കുന്ന കാലത്തുനിന്നും ലോകം മുഴുവന്‍ അംഗീകരിക്കുന്ന , വെള്ളക്കാരന്റെ മുന്‍വിധികളെല്ലാം കാറ്റില്‍ പറക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിന്റെ പുതിയകാലത്തിലേയ്‌ക്കുള്ള കുതിപ്പാണ് അവര്‍ക്ക് ഈ ലോകകപ്പ്.
മുഴവന്‍ വന്‍ കരയെയും ഇരുണ്ട ഭൂഖണ്ഡമായും അപരിഷകൃതത്തിന്റെ പര്യായമായും കണ്ട കാലത്തെ അതിജീവിക്കുകയാണ് ദക്ഷിണാഫ്രിക്ക കളിക്കളക്കിലും അതിനു പുറത്തും. അപകോളനീകരണത്തിന്റെ ഭാഗമായാണ് ആഫ്രിക്കയില്‍ ദേശീയതകള്‍ രൂപപ്പെട്ടത് എന്നും അത് ഏറ്റവും സംഘര്‍ഷഭരിതമായ പ്രതിഭാസമാണെന്നും ഫ്രാന്‍സ് ഫാനന്‍ തന്റെ വിഖ്യാത കൃതിയായ ഭൂമിയിലെ പീഡിതരില്‍ വ്യക്തമാക്കുന്നുണ്ട്. (National Liberation, national renaissance, the restoration of nationhood to the people, commonwealth: whatever may be the headings used or the new formulas introduced, decolonization is always a violent phenomenon. )6 അധിനിവേശ പൂര്‍വ്വചരിത്രത്തെ പ്രാകൃതമായ ഒന്നായി ചിത്രീകരിക്കുന്ന ഓറിയന്റലിസ്‌റ്റ് കാഴ്‌ച്‌പ്പാടിനെയാണ് ഫാനന്‍ ചോദ്യം ചെയ്യുന്നത്. ഈ കാഴ്‌ച്ചപ്പാട് ഏറ്റവും ശക്തമായി നിലനിന്നിരുന്ന കാലത്താണ് കാല്‍ക്കരുത്തും തന്ത്രപരമയ നീക്കങ്ങളും ഫലം നിശ്ചയിക്കുന്ന ഫുട്‌ബോള്‍ വിവിധ കോളനിരാജ്യങ്ങളിലെ ജനതയില്‍ ആത്മബോധവും ദേശീയതാ ബോധവും വളര്‍ത്തിയെടുത്തത്. അധിനിവേശത്തിന്റെ ആക്രമാസക്തിയെ കുടഞ്ഞെറിയാനുള്ള കരുത്തും പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും അവര്‍ ഫുട്‌ബോള്‍ മൈതാനത്തെ കൂട്ടായ്‌മകളില്‍, നേടിയെടുത്തു വെന്നത് ചരിത്രം മാത്രമല്ല, ഒരു തുടര്‍പ്രക്രിയ കൂടിയാണ്. അവര്‍ക്ക് മനോവീര്യം പകരുന്ന കാണികളുടെആവേശവും ഈ നാടുകളിലെ ജനതകളില്‍ ഇപ്പോഴും അവശേഷിക്കുന്നവെന്നത് ഫുട്‌ബോളിന്റെ മാത്രം സൗന്ദര്യവും രാ്ര്രഷ്ടിയവുമാണ്. 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കന്‍ ജനതയ്‌ക്കു മാത്രമല്ല വൈദേശികാക്രമണത്തിന്റെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും വംശീയകലപങ്ങളുടെയും ക്രൂരത അനുഭവിച്ച ജനങ്ങളുടെയെല്ലാം ആവേശമാകുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ. ദേശീയതയും അതിന്റെ നിര്‍മിതിയും രാഷ്ട്രീയ, സാംസ്‌കരിക മണ്ഡലങ്ങള്‍ക്കപ്പുറത്ത് സാധാരണ ജനങ്ങളുടെ ആത്മബോധത്തിലേക്ക് അലിഞ്ഞു ചേരുന്ന വിശാലമായ ഒരു സങ്കല്‍പ്പവും പ്രക്രിയയുമാണെന്നും ഫുട്‌ബോള്‍ പോലുള്ള ജനകീയമായ കായിക വിനോദങ്ങളിലൂടെ അത് എളുപ്പത്തില്‍ സാധ്‌ിച്ചെടുക്കാമെന്നും ഈ ചരിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
1.Fair, Laura. "Kickin' It: Leisure, Politics and Football in Colonial Zanzibar, 1900s-1950s."
2.Majumdar, Boria. 2006. "Tom Brown goes global: The 'Brown' ethic in colonial and post-colonial India". International Journal of the History of Sport, 23:5, 805-820.
3. മധു ജനാര്‍ദനന്‍. കലാപവും കളിയും, മാധ്യമം ആഴ്‌ചപ്പതിപ്പ് 2005 സെപ്‌റ്റംബര്‍ 5
4Alegi, Peter C.. "Playing to the Gallery? Sport, Cultural Performance, and Social Identity in South Africa, 1920s-1945." The International Journal of African Historical Studies 35, no. 1 (2002): 17-38.
5.Fanon, Frants, The Wretched of the Earth. Trans Constance Farrington, Penguin, 1971